കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. കേസിലെ വാദം ഇന്ന് പൂർത്തിയായി.
സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വാദങ്ങള്‍ പരിശോധിച്ച് എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കോടതി വ്യാഴാഴ്ച വിധി പറയുക.
ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കുറ്റപത്രം നൽകാൻ വൈകിയതിനാൽ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
കോടതി മേൽനോട്ടത്തിലാണ് അന്വേഷണമെങ്കിലും തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസമടക്കം കുറ്റപത്രം വൈകിപ്പിക്കുകയാണെന്നാണ് സൂചന. പാളികൾ മാറിയില്ലെന്ന് വിഎസ്എസ്സിയിലെ പരിശോധനയിൽ വ്യക്തമായതോടെ ഇനി എത്ര സ്വർണം പോയെന്ന് മാത്രമാണ് തെളിയിക്കാനുള്ളത്.